അംബര ചുംബികളായ കിഴക്കൻ മല നിരകളുടെ താഴ്വരകൾ കോടയാൽ മൂടപ്പെട്ടു കിടക്കുന്നു.. മേലു കോച്ചുന്ന തണുപ്പിനെ വകഞ്ഞു മാറ്റിക്കൊണ്ട് അവൾ നടന്നു.. വർഷങ്ങൾക്കു മുന്നേ ഇങ്ങനെ ഒരു ദിവസം അവൾ മനസ്സിൽ സ്വരുകൂട്ടിയിരുന്നു.. എല്ലാ ഭാരവും ഇറക്കി വച്ചു എല്ലാ കെട്ടുപാടുകളെയും പൊട്ടിച്ചെറിഞ്ഞു സ്വതന്ത്രമായി തനിച്ച് ഇതുപോലൊരു ഇടത്തു വന്നിരിക്കണം.. അന്ന് അതിർ വരമ്പുകൾക്കിടയിൽ കിടന്നു ശ്വാസം കിട്ടാതെ ജീവനറ്റ തന്റെ പ്രിയപ്പെട്ട ഓർമകളേ താലോലിക്കണം.. മഞ്ഞു കണങ്ങൾ ഇറ്റ് വീഴാൻ വെമ്പി നിൽക്കുന്ന ചില്ല മരത്തിനു ചുവട്ടിൽ ഇട്ടിരിക്കുന്ന ബെഞ്ചിൽ അവൾ ഇരുന്നു.. കൈകൾ രണ്ടും കൂട്ടി തിരുമ്മി തന്റെ ശരീരം മുറുക്കെ പുണർന്നു കൊണ്ടു അവൾ ആ കോട മൂടിയ മല നിരകളിലേക്ക് കണ്ണ് നട്ടു..വേദന നിറഞ്ഞ വർഷങ്ങളുടെ പഴക്കം അവളുടെ കണ്ണുകളെ നിർജീവമാക്കിയിരുന്നു.. എങ്കിലും ഇന്ന് എന്തോ മനസ്സ് ഭാരമില്ലാത്ത തൂവൽ കണക്കെ പറക്കുന്നു.. ജീവിതത്തിന്റെ മുക്കാൽ ഭാഗവും കടന്നിരിക്കുന്നു.. ഇനി ഒന്നിനെ ഓർത്തും വ്യാകുലപ്പെടാതെ കഴിയാം.. എന്തിനൊക്കെയോ വേണ്ടി പരിഭ്രാന്തപ്പെട്ടു.. എന്തിനൊക്കെയോ വേണ്ടി കലഹിച്ചു.. എന്തിനൊക്കെയോ വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ചു.. എന്തിനൊക്കെയോ വേണ്ടി കാത്തിരുന്നു.. എന്തിനോ വേണ്ടി പഴി ചാരി.. ഇപ്പോൾ അതെല്ലാം ഓർക്കുമ്പോൾ നേരിയ വരണ്ട പുഞ്ചിരി മാത്രം..എല്ലാത്തിനും ഒടുവിൽ മനസ്സ് കെട്ടു പൊട്ടിയ പട്ടം പോലെ പാറി പറന്നപ്പോൾ തണുത്തു മരവിച്ച ഒരു കൈ അവളുടെ കൈകൾക്ക് മുകളിൽ അമർന്നു..ഇന്നും അവളുടെ കൂടെ അയാൾ ഉണ്ടെന്ന മനസ്സിലെ അടിയുറച്ച വിശ്വാസം മങ്ങൽ ഏൽക്കാതിരുന്നതിനാൽ ആവാം.. അവൾ തനിച്ചല്ല.. അയാളുടെ സാന്നിധ്യം അപ്പോഴും കൂടെ ഉണ്ടായിരുന്നു... അതിനു മരണം ഇല്ലായിരുന്നു...!!!

