ഏതാണ്ട് 12 വർഷം ആയിക്കാണും ആ വീട്ടിൽ നിന്നും പടിയിറങ്ങിയിട്ട്.. എന്നും അതിന്റെ മുന്നിലൂടെ പോകുമ്പോൾ ആ ഭാഗത്ത് എത്തുമ്പോൾ മാത്രം മിന്നായം പോലെ 12 വർഷം പുറകിലേക്ക് ഓർമ്മകൾ ശരവേഗം പായാറുണ്ട്.ഇന്നലെ പക്ഷെ ആ ഇടവഴി എത്തിയപ്പോൾ മുന്നോട്ട് നീങ്ങാൻ ആയില്ല. കുറച്ചു നേരം അങ്ങോട്ടേക്ക് തന്നെ കണ്ണും നട്ടു നിന്നു. വഴിയിൽ എങ്ങും ആരുമില്ല.കണ്ടാലും വിശേഷം പറയാൻ എന്നോണം പലരും അടുത്ത് വന്നേക്കാം.അതിനോട് താല്പര്യം ഇല്ലാത്തതിനാൽ ആരെങ്കിലും കാണും മുൻപ് ആ ഇട വഴിയിലേക്ക് ഓടി കയറി. മാറിയിട്ടുണ്ട്.. വഴിയെല്ലാം.. ഇരു വശവും വലിയ വലിയ മരങ്ങളാൽ കാട് മൂടിയ ഇടം ആയിരുന്നു.. ഇടതു ഭാഗം വലിയൊരു പരന്ന പറമ്പ് ആയിരുന്നു.. അവിടെയെല്ലാം വീടുകൾ തിങ്ങി നിറഞ്ഞിരിക്കുന്നു.. വഴി നീളെ നീണ്ടു കിടന്നിരുന്ന പാമ്പിൻ പുറ്റുകളോ മാളങ്ങളോ ഇന്ന് ഇല്ല.. പണ്ടെല്ലാം ആ വഴിയിലൂടെ പകൽ പോലും നടക്കാൻ ഭയം ആയിരുന്നു.. കാലിൽ പാമ്പ് ചുറ്റിയാൽ പോലും അറിയില്ലായിരുന്നു..നിറയെ കരിയിലകൾ വീണു കിടക്കുമായിരുന്നു. അതിനിടയിൽ രണ്ടോ മൂന്നോ പാമ്പുകൾ കെട്ടു പിണഞ്ഞു കിടക്കുക പതിവായിരുന്നു. മനുഷ്യരുടെ കാലടി അറിയുമ്പോൾ അവ മാളത്തിലേക്ക് ഇഴഞ്ഞു കയറും. ഇന്നിപ്പോൾ ആ പേടി ഇല്ല..വീടിന്റെ മുൻ വശം കുറച്ചൊക്കെ മാറിയിട്ടുണ്ട്.. പക്ഷെ നേരെ കാണാൻ സാധിച്ചില്ല.. പുറകു വശം ആയിരുന്നു ആ ഗേറ്റ് വഴി കണ്ടിരുന്നത്.. അതേ ഇരുട്ട് നിറഞ്ഞ അന്തരീക്ഷം.. അതിലൊരു മാറ്റവും വന്നിട്ടില്ല.. ഒറ്റ നോട്ടത്തിൽ എന്റെ മുറിയും അതിനോട് അടുത്ത ബാത്റൂമും കാണാം.. ആ വീടിന്റെ അകലത്തളങ്ങളേക്കാൾ ഞാൻ എന്താണെന്ന് അറിഞ്ഞത് ആ കുളിമുറി ആയിരിക്കും.. നല്ലതും ചീത്തയുമായ എന്നിലെ സന്തോഷവും സങ്കടവും എല്ലാം അതിനുള്ളിൽ ഇന്നും നിറഞ്ഞു നില്കുന്നുണ്ടാവും..മറ്റാരുമറിയാത്ത എന്നിലെ ഞാൻ ഇന്നും അതിനുള്ളിൽ ഉണ്ടാവും. കയ്പ്പേറിയ മധുരിക്കുന്ന വേദനയുളവാക്കുന്ന ഒരിടം. ആ വീട്ടിൽ വച്ചായിരുന്നു ജീവിതത്തിലെ താളം തെറ്റി തുടങ്ങിയത്.. പല പ്രധാന വഴിതിരിവുകളും ഉണ്ടായത്.അന്ന് അതിനൊന്നും എനിക്ക് ഉത്തരം ഇല്ലായിരുന്നു. 12 വർഷങ്ങൾക്കിപ്പുറം ഇവിടെ നിന്നു നോക്കുമ്പോൾ ഞാൻ അറിയുന്നു.. എന്തിനായിരുന്നു അതെല്ലാം എന്റെ ജീവിതത്തിൽ കഴിഞ്ഞു പോയതെന്ന്.അതെല്ലാം മാറ്റി മറിക്കാൻ എന്തോ ഒന്ന് എന്റെ ജീവിതത്തിൽ ഇന്ന് വരുമെന്ന് തിരിച്ചറിയാതെ അന്ന് ആരെയോ കാത്ത്, എന്തിനെയോ കാത്ത് ഞാൻ അവിടെ കഴിഞ്ഞിരുന്നു.. ഇന്ന് അത് എന്നിലേക്ക് വന്നിരിക്കുന്നു.ആ പൊടി പിടിച്ച ചായം നിറഞ്ഞ മാറാല കെട്ടിയ ചട്ടക്കൂടിനുള്ളിൽ നിന്ന് വെളിച്ചത്തിലേക്ക് എന്നെ കൈ പിടിച്ചു ഇന്ന് പുറത്ത് കടത്തുമ്പോൾ എനിക്ക് ജീവൻ പറിഞ്ഞു പോകുന്ന വേദന ഉണ്ട്..എന്നിലെ ആ ചെറിയ കുട്ടി ഒരുപാട് വ്രണപ്പെടുന്നുണ്ട്..മണ്ണിൽ വേരൂന്നിയ മരത്തെ കടയോടെ പിഴുതെറിയുമ്പോൾ മണ്ണ് ഇളകുന്ന പോലെ ഞാൻ മൊത്തമായി ഇളകി മറിഞ്ഞിരിക്കുന്നു.. പക്ഷെ ഈ മാറ്റം, അത് അനിവാര്യമാണ്..കുത്തുകൾ കൂട്ടി യോജിപ്പിക്കുമ്പോൾ കിട്ടുന്ന ചിത്രം പോലെ പലതിന്റെയും ഉത്തരം എനിക്ക് ഇന്ന് തെളിഞ്ഞു വരുന്നു.ഒരു സന്തോഷം മാത്രം ഇന്ന് ഉണ്ട്.. എന്റെ കാത്തിരിപ്പിന് വിരാമം ഇട്ടിരിക്കുന്നു.എന്റെ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം കിട്ടിയിരിക്കുന്നു.. എന്റെ ആത്മാവ് എന്തിനെ തേടി നടന്നിരുന്നോ അത് എന്നിലേക്ക് വന്നിരിക്കുന്നു...തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോൾ ആ ചവിട്ടു പടികളിൽ ഇരുന്ന് എന്നെ നോക്കി ചിരിക്കുന്ന ആ പെൺകുട്ടിയെ ഞാൻ കണ്ടു.. അവളുടെ മുഖത്തിന് എന്റെ മുഖഛായ ആയിരുന്നു..ഇനിയങ്ങോട്ടുള്ള ജീവിതം ഞാൻ നോക്കിക്കോളാം എന്ന അടിയുറച്ച വിശ്വാസം എന്റെ കണ്ണുകളിൽ അവൾ കണ്ടതിനാൽ ആവാം അവളുടെ മുഖത്ത് ആ ചിരി..അന്ന് നിനക്ക് വേദനിച്ച കാര്യങ്ങൾ ഓർക്കുമ്പോൾ ഒന്നും തന്നെ ഇന്നെനിക്ക് വേദനിക്കുന്നില്ല.അതായിരുന്നു അവൾക്കും വേണ്ടിയിരുന്നത്..എന്ത് കൊണ്ടോ പതിയെ എന്റെ കണ്ണും നിറഞ്ഞു തുടങ്ങിയിരുന്നു.. അത്രയും വർഷത്തെ ഭാരം അവൾക്ക് മുന്നിൽ ഇറക്കി വച്ച് ഞാൻ ജീവിതത്തിലേക്കു തിരിഞ്ഞു നടന്നു...
Last edited:



